2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച
വിട പറഞ്ഞകലും മുന്‍പേ.............
നാമൊന്നായിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍
പുലര്‍ച്ചെയൊരു വഴി താണ്ടിയെത്തി
ഇരു വഴി പിരിയുന്ന സഹയാത്രികര്‍..
വ്യഥാ പുലമ്പുന്ന വാക്കിനുമപ്പുറം
മൌനത്തിന്‍ കയങ്ങളില്‍ കാണാവാക്ക് തിരയുന്നവര്‍
നാമിരുവര്‍ സഹയാത്രികര്‍
പിറക്കാത്ത വാക്കിനായി കാതോര്‍ത്തവര്‍..
യാത്രകള്‍ തീര്‍ന്നിതാ
തെല്ലിട ഇളവേല്‍ക്കാം നമുക്കിനി
കാണ്മതെന്നിനി ? ഒരുമിച്ചൊരു യാത്ര തുടരുവതെന്നിനി
യെന്നാര്‍ദ്രമായി ചോദിപ്പൂ മനം.
കാതരമായൊരു കാറ്റ് ചൊല്ലി,യാത്ര തുടരുവാനതിനി യാത്രയില്ല
നേര്‍ത്തു നേര്‍ത്തു പെയ്തു തോരുമി മഴചാറല്‍ പോല്‍
യാത്രകള്‍ തീര്‍ന്നു, നാമിതാ വഴി പിരിയുകയായി
നീണ്ടു കിടക്കുമീ ജീവിതപ്പാത ഒരുമിച്ചു താണ്ടുവനിച്ചയോ
നിലാ പൂക്കള്‍ വീണു ചിതറുമീ വഴിത്താരയില്‍
നിന്‍ വിരല്‍പിടിച്ചു നടക്കുവാന്‍ മോഹമിന്നും മല്‍സഖെ
നിന്നോടുരക്കുവാന്‍ മറന്നൊരീ വാക്കുകള്‍
നെഞ്ചില്‍ കനക്കുന്ന കിതപ്പാര്‍ന്ന മൌനം
മിഴിയില്‍ നോവിന്റെ അഗ്നിദ്രാവകം
എവിടെ നിന്‍റെ മിഴികള്‍ ; ചോരച്ചുവപ്പാര്‍ന്നവ
ഇനിയുമതിലെനിക്കായി ബാക്കിയെന്തുണ്ട്
എവിടെ നിന്‍റെ മിഴികള്‍ കൃഷ്ണാഷ്ടമി സന്ധ്യയിലെ ചോരച്ചുവപ്പാര്‍ന്ന മിഴികള്‍
നിര്‍ന്നിമേഷം ഒട്ടൊന്നുപോലും ചിമ്മാതെ നീ കാത്തവ..
ഇല്ല ഞാനൊന്നും ചോദിച്ചീല ,മറുവാക്കിനായി കാത്തതില്ല
നോവിന്‍ ചോര ചിന്തും മൌനത്താല്‍ പ്രഭാതങ്ങള്‍ നാം നിറച്ചെങ്കിലും
യാത്ര തീരുമീ നേരമെന്തെങ്കിലും ചൊല്ക നീ
യാത്രാ മൊഴിയല്ലാതെ മറ്റെന്തെങ്കിലും
ഇനിയുള്ള യാത്ര ഒരുമിച്ചു പങ്കിടാമെന്നോ
ഈ വഴിയില്‍ നിന്നെ കാത്തു നില്‍ക്കണമെന്നോ
എന്നേക്കുമായി ഇരു വഴി പിരിയമെന്നോ
നാമൊന്നയിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍..
നാം അജ്ഞാതര്‍ ചിന്തയില്‍ സമാന്തര സഞ്ചാരികള്‍
എങ്കിലും
പിന്നിട്ട യാത്രയില്‍ ഉടഞ്ഞോരി മനസ്സിനോട്
എന്തെകിലും ചൊല്ക നീ
വാക്കിടറി ചിലമ്പാതെ രക്തം മിഴിവാര്‍ന്നൊഴുകാതെ
യാത്രാ മൊഴിയല്ലാതെ വിടവാക്കല്ലാതെ
എന്തെകിലും ചൊല്ക നീ
നാമിരു വഴിയകലും മുന്‍പേ
വിട പറഞ്ഞകലും മുന്‍പേ......
കടപ്പാട'
ലാലി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇങ്ങനെ നിരാശ കാമുകന്‍ ആയി ഇരിക്കാതെ പോയി വേറെ ആരെയെങ്കിലും കണ്ടു പിടിക്ക്
മറുപടിഇല്ലാതാക്കൂ