ഒരു പാര്‍ട്ടിയില്‍ ആണ് അവന്‍ അവളെ ആദ്യം കണ്ടത്. അവള്‍ വളരെ സുന്ദരി ആയിരുന്നു. അതുകൊണ്ട് തന്നെ അവളുടെ പുറകേ ധാരാളം ചെറുപ്പക്കാര്‍ ചുറ്റി തിരിയുന്നുണ്ടായിരുന്നു. പക്ഷേ ഒരു സാധാരണ പയ്യന്‍ ആയിരുന്നതിനാല്‍ അവനെ ആരും അധികം ശ്രദ്ധിച്ചില്ല. പാര്‍ട്ടി അവസാനിച്ചപ്പോള്‍ അവന്‍ അവളെ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു. വിസ്മയത്തോടെ ആണെങ്കിലും മര്യാദയുടെ പേരില്‍ അവള്‍ അവന്റെ ക്ഷണം സ്വീകരിച്ചു.
അവന്‍ അവളേയും കൂട്ടി ഒരു നല്ല കോഫീ ഷോപ്പില്‍ പോയി. അവന്‍ ആശയകുഴപ്പത്തില്‍ ആയിരുന്നു. എന്തു പറയണം എന്നു അറിയില്ല, എങ്ങനെ തുടങ്ങണം എന്നറിയില്ല. അവള്‍ക്കാണെങ്കില്‍ അങ്ങനെ കൂടുതല്‍ നേരം ഇരിക്കാന്‍ മനസ്സ് വരുന്നുമില്ല. അവള്‍ വിചാരിച്ചു "പ്ലീസ്, ദയവൂ ചെയ്‌തു എന്നെ പോകാന്‍ അനുവദിക്കൂ. ഞാന്‍ വീട്ടില്‍ പോകട്ടെ...". ആ നിമിഷം അവന്‍ അടുത്തു നിന്ന വെയ്റ്ററെ വിളിച്ചു ചോദിച്ചു :
"എനിക്കല്‍പ്പം ഉപ്പ് തരുമോ? കാപ്പിയില്‍ ഇടാന്‍ ആണ്."
എല്ലാവരും അവനെ തിരിഞ്ഞു നോക്കി. എത്ര വിചിത്രം? അവന്റെ മുഖം ചുവന്നു, എങ്കിലും കിട്ടിയ ഉപ്പ് അവന്‍ കാപ്പിയില്‍ ഇട്ടു. എന്നിട്ടു അതു കുടിച്ചു തീര്‍ത്തു. ഇതു കണ്ടു അവള്‍ അത്ഭുതത്തോടെ അവനോട് ചോദിച്ചു:
"ഇതെന്തു പഴക്കം ആണ്? ഇതു വരെ കാപ്പിയില്‍ ഉപ്പിട്ട് കുടിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല..."
അവന്‍ പറഞ്ഞു : "ഞാന്‍ ചെറുപ്പത്തില്‍ ജീവിച്ചിരുന്നത് ഒരു കടലോരഗ്രാമത്തില്‍ ആയിരുന്നു. കടലില്‍ കളിക്കുന്നത് എനിക്കിഷ്ടമായിരുന്നു. അന്നത്തെ കടല്‍ വെള്ളത്തിന്റെ സ്വാദ് ആണ് ഉപ്പ് കലര്‍ന്ന കാപ്പിക്ക്. എപ്പോഴെല്ലാം ഉപ്പ് കലര്‍ന്ന കാപ്പി കുടിക്കുന്നുവോ എനിക്കെന്റെ ബാല്യകാലം ഓര്‍മ വരും. എന്റെ ഗ്രാമത്തിന്റെ ഓര്‍മ വരും. അവിടെ തനിച്ചു കഴിയുന്ന എന്റെ മാതാപിതാക്കളെ എനിക്ക് ഓര്‍മ വരും." ഇതു പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ട ഇടറി.... അവന്റെ ഈ വാക്കുകള്‍ അവളെ വളരെയധികം സ്പര്‍ശിച്ചു.
അതവന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകള്‍ ആയിരുന്നു. ആ വാക്കുകളില്‍ നിറഞ്ഞിരുന്നത് അവന്റെ യാധാര്‍ത്ഥ വികാരങ്ങള്‍ ആയിരുന്നു. ഇങ്ങനെ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ വീടിനെ സ്നേഹിക്കുന്നവന്‍, വീടിനെ സംരക്ഷിക്കുന്നവന്‍, ഉത്തരവാദിത്വം ഉള്ളവന്‍ ആയിരിക്കണം. അങ്ങനെ അവളും സംസാരിക്കുവാന്‍ ആരംഭിച്ചു. അവളും അവളുടെ ചെറുപ്പകാലത്ത് കുറിച്ച്, ദൂരെയുള്ള അവളുടെ ഗ്രാമത്തെക്കുറിച്ച്, അവളുടെ കുടുംബത്തെക്കുറിച്ച് എല്ലാം.അതൊരു സന്തോഷകരമായ കണ്ടുമുട്ടല്‍ ആയിരുന്നു. അവരുടെ കഥയുടെ ആരംഭവും.
അവര്‍ തമ്മില്‍ വീണ്ടും വീണ്ടും പലയിടത്തും വച്ചു കണ്ടുമുട്ടാന്‍ തുടങ്ങി. പതിയെ പതിയെ അവള്‍ക്ക് മനസ്സിലായി, ഇതാണു തന്റെ സ്വപ്നത്തില്‍ ഉള്ള രാജകുമാരന്‍. അവളുടെ എല്ലാ നിബന്ധനകളും ഒത്തുചേരുന്ന, ലോലഹൃദയനും, എല്ലാവരോടും ഒത്തു പോകുന്നവനും, എല്ലാത്തിലും ഉപരി ആയി അവളുടെ എല്ലാ കാര്യങ്ങളിലും അത്യധികം ശ്രദ്ധ ഉള്ളവനും ആയിരുന്നു. ആ ഉപ്പിട്ട കാപ്പി ഇല്ലായിരുന്നെങ്കില്‍ അവള്‍ക്ക് അത്രയും നല്ല ഒരു പങ്കാളിയെ നഷ്ടമായിരുന്നേനെ. ആ ഉപ്പിട്ട കാപ്പിക്ക് അവള്‍ ഒരായിരം നന്ദി പറഞ്ഞു.
അങ്ങനെ എല്ലാ പ്രണയ കഥയും പോലെ അവസാനം രാജകുമാരനും രാജകുമാരിയും തമ്മില്‍ വിവാഹം നടന്നു. അവര്‍ സന്തോഷത്തോടെ വളരെ നാള്‍ ജീവിച്ചു. എല്ലാ ദിവസവും അവള്‍ അവന് വേണ്ടി കാപ്പി ഉണ്ടാക്കുമ്പോള്‍ അതില്‍ അല്പം ഉപ്പിടാന്‍ അവള്‍ മറന്നില്ല. കാരണം അവള്‍ക്കറിയാമായിരുന്നു അവനതിഷ്ടമാണെന്ന്.
നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം, അവള്‍ക്ക് ഒരു കത്ത് എഴുതി വെച്ചിട്ട് അവന്‍ അവളെ പിരിഞ്ഞു മാലാഖമാരുടെ നാട്ടിലേക്ക് പോയി. അതിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു.
"എന്റെ പ്രിയതമേ,
നീ എന്നോട് ക്ഷമിക്കണം. ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നോട് പറഞ്ഞ ഒരു നുണ. ഞാന്‍ നിന്നോട് പറഞ്ഞ ഒരേ ഒരു നുണ. ഉപ്പിട്ട കാപ്പി....
നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ തമ്മില്‍ ആദ്യം കണ്ട ദിവസം? ആ കോഫീ ഷോപ്പില്‍ വെച്ച്. സത്യത്തില്‍ ഞാന്‍ ആകെ ചകിതനായിരുന്നു. എനിക്ക് വേണ്ടിയിരുന്നത് അല്പം പഞ്ചസാര ആയിരുന്നു. പക്ഷേ എന്റെ നാവില്‍ വന്നത് ഉപ്പ് എന്നാണ്. പിന്നെ അതു മാറ്റി പറയാന്‍ എനിക്ക് പറ്റിയില്ല.
പക്ഷേ അതു നമ്മള്‍ തമ്മില്‍ ഉള്ള സംഭാഷണത്തിനു തുടക്കം കുറിക്കും എന്നു ഞാന്‍ കരുതിയേ ഇല്ല. നിന്നോട് സത്യം പറയാന്‍ ഞാന്‍ പല തവണ ശ്രമിച്ചു. പക്ഷേ നിന്നോട് ഒരിക്കലും നുണ പറയില്ല എന്നു സത്യം ചെയ്തിരുന്നു ഞാന്‍. അതുകൊണ്ട് എനിക്ക് അതു തുറന്നു പറയുവാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഇപ്പോള്‍ ഞാന്‍ മരിക്കാന്‍ പോകുന്ന നിമിഷം, ഇതു നിന്നോട് തുറന്നു പറയാന്‍ എനിക്കാരെയും ഭയമില്ല.
ഉപ്പിട്ട കാപ്പി എനിക്കൊരിക്കലും ഇഷ്ടമായിരുന്നില്ല. എന്തൊരു വല്ലാത്ത രുചി... പക്ഷേ എന്റെ ജീവിത കാലം മുഴുവന്‍ എനിക്ക് കിട്ടിയത് ആ ഉപ്പിട്ട കാപ്പി ആണ്. പക്ഷേ നിന്നെ എനിക്ക് അറിയാമായിരുന്നതിനാല്‍ നിനക്കു വേണ്ടി ചെയ്തതില്‍ ഒന്നിനെ പറ്റിയും എനിക്ക് മനസ്താപം ഇല്ല.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, അതു നീയെന്റെ അരികില്‍ ഉണ്ടായിരുന്നു എന്നതാണു... ഒരു ജന്മം കൂടി, നിനക്കു വേണ്ടി, നീ എന്റെ അരികില്‍ ഉണ്ടായിരിക്കുന്നതിനു വേണ്ടി ആ ഉപ്പിട്ട കാപ്പി എത്ര വേണമെങ്കിലും കുടിക്കാന്‍ ഞാന്‍ തയ്യാര്‍ ആണ്."
അവളുടെ കണ്ണീരിനാല്‍ ആ എഴുത്ത് നനഞ്ഞു. പിന്നെടെപ്പോഴോ ആരോ അവളോട് ചോദിച്ചു : "എന്താണു ഉപ്പിട്ട കാപ്പിയുടെ രുചി?"
അവള്‍ പറഞ്ഞു : "ഉപ്പിട്ട കാപ്പിക്ക് നല്ല മധുരമാണ്"
KADAPPAD
Kerala Friends
അതൊരു കല്ല് വെച്ച നുണയായിരുന്നു അല്ലെ?
മറുപടിഇല്ലാതാക്കൂenthaayaalum bhavana kollaam tou...nannayi paranju..
മറുപടിഇല്ലാതാക്കൂ