സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.
വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ഞാന്‍ കേട്ടു.
ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.
അവിടെയായിരിക്കണം തുടക്കം.
ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.
അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.
ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.
മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.
തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.
ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.
ആര്‍ത്തി??ോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.
മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!
അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.
ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.
അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു
നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!
അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ